സരാജെവോ: പ്രാർഥനയുടെയും ആത്മീയ നവീകരണത്തിന്റെയും ദിനങ്ങൾ സമ്മാനിച്ച് ബോസ്നിയ ഹെർസഗോവിനയിലെ പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗോറെയിൽ സംഘടിപ്പിച്ച രാജ്യാന്തര യുവജനോത്സവം സമാപിച്ചു.
73 രാജ്യങ്ങളിൽനിന്ന് എത്തിയ പതിനായിരക്കണക്കിന് യുവജനങ്ങളാണ് അഞ്ചു ദിവസം നീണ്ടുനിന്ന പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്തത്. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, അനുരഞ്ജന ശുശ്രൂഷകൾ, ആത്മീയസന്ദേശങ്ങൾ എന്നിവ യുവജനോത്സവത്തിന് മാറ്റുകൂട്ടി.
പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യത്തിൽ വിശ്വാസജീവിതം ആഴപ്പെടുത്താനും സമാധാനത്തിന്റെയും പ്രത്യാശയുടെയും വക്താക്കളായി ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനും യുവജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടാണ് പരിപാടി അവസാനിച്ചത്.
ബോസ്നിയ ഹെർസഗോവിനയിലെയും മോണ്ടെനെഗ്രോയിലെയും അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഫ്രാൻസിസ് അസീസി ചുള്ളിക്കാട്ട് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണു പരിപാടിക്കു തുടക്കമായത്.
ഉദ്ഘാടനച്ചടങ്ങിൽ ലെയോ മാർപാപ്പയുടെ സന്ദേശം വായിച്ചിരുന്നു. 1989 മുതൽ എല്ലാവർഷവും തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന ആത്മീയ കൂട്ടായ്മയാണ് മെഡ്ജുഗോറെയിലെ ഈ അന്താരാഷ്ട്ര യുവജനോത്സവം.